§ 1. കിട്ടാവുന്ന എല്ലാ കാസറ്റുകളും പലയിടങ്ങളിൽനിന്നായി വാങ്ങി, ഒരു റ്റേപ്പ് റെക്കോഡർ കമ്പ്യൂട്ടറിൽ ഘടിപ്പിച്ച്, ഒരു വേവ് എഡിറ്റർ വെച്ച്, തേച്ച് മിനുക്കി മണിക്കൂറുകൾ, ദിവസങ്ങൾ ചെലവിട്ട് ജഗ്ജിത്തിന്റെ മിക്കവാറും പാട്ടുകളും ഡിജിറ്റലാക്കിയത് പണ്ടാണ്. പണ്ടെന്നാൽ സമയബന്ധമായ പണ്ടല്ല; സ്വത്വത്തിന്റെ പണ്ട്. ഒരേ പുഴയിൽ രണ്ട് വട്ടം കാലുവെക്കുന്നതിന്നടിയിലെ ദൈർഘ്യം. ഇന്ന് ഈ പാട്ടുകൾ കേൾക്കാറേ ഇല്ല.
§ 2. 1949-ൽ തോമസ് മന്നിനെ ലോസ് ആഞ്ജലസിൽ പോയിക്കണ്ട സൊൺടാഗ് അദ്ദേഹത്തെ വിശേഷിപ്പിച്ച് തന്റെ ജേണലിൽ കുറിക്കുന്നത് ദൈവമെന്ന നിലയിലൊക്കെയാണ്. വഴിഞ്ഞൊഴുകുന്ന കുതൂഹലം. ഹർഷോന്മാദം. കാലങ്ങൾ കഴിഞ്ഞ് മൻ പടിയിറങ്ങി അവിടെ മറ്റുപലരും വന്നു. മധ്യയൂറോപ്യൻ എഴുത്തുകാർ. മറ്റുപലർ. അങ്ങനെയങ്ങനെ.
§ 3. വായിക്കുന്ന പുസ്തകങ്ങളിൽ ഉള്ളിളക്കുന്നവയ്ക്ക് അടിവരയിടുന്നതല്ല, ആ വരകൾ നേർത്ത പെൻസിൽ വരകളാവുന്നതെന്തെന്നാണ്. ഷെൽഫിൽ നിന്ന് പൊടിതട്ടിയെടുത്ത് 'എ ഹീറോ ഓഫ് ഔർ ടൈം' പരതുമ്പോൾ വരിക്കുതാഴെ പെൻസിൽ മുനമ്പുകൊണ്ട് ശ്രദ്ധക്ഷണിക്കുന്ന വരികൾ: "The Story of a man's soul, even the pettiest, can be more interesting and instructive than the story of whole nation, especially if it is based on the slef-observation of a mature mind and is written with no vain desire to arouse sympathy or surprise." പെൻസിൽ പാടുകൾക്ക് തന്റെ പുറത്ത് ഏത് നിമിഷവും പതിയാവുന്ന റബ്ബറിന്റെ താഡനത്തെക്കുറിച്ച് ബോധമുണ്ടാവണം.
§ 4. "My propositions are elucidatory in this way: he who understands me finally recognizes them as senseless, when he has climbed out through them, on them, over them. (He must so to speak throw away the ladder, after he has climbed up on it.)"
§ 5.