Pages

Friday, May 20, 2011

ഇപ്പോഴും തീരുമാനമായില്ല

§ 1 മറൈൻഡ്രൈവിലെനടപ്പാതയിലൂടെ തൊട്ടുരുമ്മിനടന്നുപോവുന്നകമിതാക്കളെക്കണ്ടപ്പോഴാണോ ഇതുതോന്നിയെതെന്നചോദ്യത്തിന്'പറയാൻപറ്റില്ല,ആവാം'എന്ന അങ്ങിങ്ങ് മറുപടിയാണ്കിട്ടിയത്. തൊട്ടുതൊട്ടാണുനടക്കുന്നതെങ്കിലും,എതിരെവരുന്നവെളിച്ചം അവർക്കിടയിലപ്പോഴും ബാക്കിയാവുന്ന ഒഴിവുകളുടെരേഖാചിത്രം തന്റെകണ്ണുകളിൽ വരച്ചിട്ടിട്ടുണ്ടാവണമെന്നും.

§ 2 ഒട്ടിപ്പിടിക്കുന്ന വാക്കുകളെക്കുറിച്ചാണ്. ഒരു വാക്കിനും അതിനു പുറകെ വരുന്ന മറ്റൊരു വാക്കിനുമിടയിലെ വിടവ് ചിലപ്പോഴെങ്കിലും വളർന്ന് വാപൊളിക്കുന്നുവെന്നാണ് അയാൾ പറയുന്നത്. ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള മനസ്സിന്റെ ചലനത്തിനിടയിൽ മനസ്സിൽ പടർന്നുപരക്കുന്ന സുഗന്ധം കാറ്റെടുത്തുപോകാമെന്നും, പറഞ്ഞു പറഞ്ഞുവന്നതിന്റെ രുചിയറ്റുപോവാമെന്നും. ഒഴിവുകളുടെ നിലനിൽപ്പിനാധാരം വളർന്ന് പരക്കുവാനുള്ള, ഭക്ഷിക്കുവാനുള്ള ത്വരയാണെന്ന് അയാൾ സ്വല്പമൊന്ന് മുന്നോട്ടാഞ്ഞിരുന്ന് പതിഞ്ഞ ശബ്ദത്തിൽ ഉരുവിട്ടപ്പോൾ, അൽപ്പം കടന്നു പോവുന്നല്ലോ എന്ന് തോന്നാതിരുന്നില്ല.

§ 3. 'Life work' എന്നതും 'lebenswerke' എന്നതും തമ്മിൽ ഒരു കടലകലമുണ്ട്.

Friday, May 6, 2011

തലക്കെട്ടുകളുടെ അഹങ്കാരം

"One writes of scars healed, a loose parallel to the pathology of the skin, but there is no such thing in the life of an individual. There are open wounds, shrunk sometimes to the size of a pinprick, but wounds still. The marks of suffering are more comparable to the loss of a finger, or of the sight of an eye. We may not miss them, either, for one minute in a year, but if we should there is nothing to be done about it."

Fitzgerald, F. Scott: Tender is the night

ഈ വരികൾ പലവട്ടം പലയിടങ്ങളിൽ എഴുതിയിട്ടുണ്ട്: ഒരു പക്ഷെ അതുതന്നെയാണ് പറയാൻ വരുന്നതും, എങ്ങനെ ഈ വാചകം (കുറിപ്പ്: ഇവിടെ ഒരു വാക്ക് എഴുതണമെന്നുണ്ട് - 'അത്ഭുതകരമായി', 'ആശ്ചര്യകരമെന്നോണം' അങ്ങനെ എന്തെങ്കിലും. പക്ഷെ വയ്യ.) അതെന്ത് വിശദീകരിക്കാൻ ശ്രമിക്കുന്നുവോ അതേ ഗണത്തിൽ ചെന്ന് പെടുന്നുവെന്നത്. ഇവിടെ വേണമെങ്കിൽ സച്ചിദാനന്ദന്റെ 'ചിലത്'-ലെ വരികൾ ഉദ്ധരിക്കാം - പക്ഷെ എന്തിന്? പിന്നെ പതിയ സ്റ്റോയിക്സിനെ കൊണ്ടരാം. ചാരിയിരുന്ന്, മനസ്സിന്റെ പലകോണിൽ, ചിതറിക്കിടക്കുന്നവയെന്നോ, എങ്ങെങ്ങോ മാഞ്ഞില്ലാതായവയെന്നോ കരുതിയ അറിവിന്റെ ശകലങ്ങൾ തന്നിഷ്ടപ്രകാരം വന്ന് ഒട്ടിപ്പിടിച്ച് ഒരിക്കലും ഊഹിച്ചിട്ടില്ലാത്ത രൂപഭാവങ്ങൾ കൈക്കൊള്ളുന്നത് നോക്കിക്കാണാം. ഇതിലൊക്കെ ഞാനെവിടെയാണ്?

Thursday, May 5, 2011

കട, അടുക്കള, അടുക്കളക്കട

§ 1. പഴമ്പുരാണമെന്നാൽ പഴവും പുരാണവും എന്നല്ല



ലിസ്റ്റിന്റെ [Franz Liszt] 'ഫോസ്റ്റ് സിംഫണി' (Eine Faust-Symphonie in drei Charakterbildern) എങ്ങനെ പുരുഷകേന്ദ്രീകൃതവ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് ഒരു നീണ്ട പഠനമുണ്ട്. പാത്രപഠനമായ ഈ കൃതിയിൽ, ആദ്യത്തെ പാദത്തിൽ ഫോസ്റ്റും, രണ്ടാമത്തേതിൽ ഗ്രെഷനുമാണ്. ഈ സംഗീതത്തിന്റെ ഘടനയും, രീതിശാസ്ത്രവും ആഴത്തിൽ പരിശോധിക്കുന്നതിലൂടെ ചരിത്രത്തിനുപുറത്തെ ചില്ലലമാരയിലേക്ക് മാറ്റിവെക്കപ്പെടുന്ന സ്ത്രീ - സ്ത്രീകളില്ല - എന്ന കൗതുകവസ്തു സൃഷ്ടിക്കപ്പെടുകയും, അത് നിലനിർത്തുവാനുള്ള ഉപാധികൾ അരിച്ചിറങ്ങിപ്പടരുന്നതും കാണാവുന്നതാണ്. കരുത്ത്/ഓമനത്തം, തീവ്രവികാരാധീനത/കോമളത, സജീവത്വം/സ്ഥായിഭാവം എന്നിങ്ങനെയുള്ള ദ്വിവിധയുക്തിയിലൂടെ ഇരുവരെയും വേർതിരിക്കുക വഴി എങ്ങനെ സാമാന്യയുക്തിക്കും, പൊതുബോധത്തിനും നിരക്കുന്ന പുരുഷസങ്കൽപ്പങ്ങളെ വിഭാവനം ചെയ്യുന്നു എന്നതാണ് ഈ വായനയിലെ ദിശാസൂചി. ഇവ്വിധം അവളുടെ നിലനിൽപ്പ് എന്നത് പുരുഷദൃഷ്ടിക്ക് പതിക്കാനുള്ള ഇടം എന്നതിലേക്ക് ചുരുക്കപ്പെടുകയാണ്.

§ 2. ചൊറിച്ചുമല്ലലുകൾ



കാണപ്പെടേണ്ടവയ്ക്ക്, സ്വയം കാണപ്പെടാനായി നഷ്ടപ്പെടേണ്ടവയ്ക്ക്, ചലനം നിഷിദ്ധമാണ്. അത്തരത്തിൽ ചലിക്കുയെന്നത് കാണാൻ അവകാശവുമായി വരുന്നവനിൽ അംഗഛേദനം നടത്തുകയാണ്. മറിയത്തിൽനിന്ന് ഹവ്വയിലേക്ക് അധികദൂരമില്ല.

ആകുലം...

"Dawning within him was the kind of knowledge of human nature that teaches us to know and appreciate another person by the fall of his voice, the way he picks something up, even the timbre of his silence and the expression of the physical posture with which he occupies a physical space; in short by that agile way, barely tangible yet the only truly complete way, of being something spiritual and human, which is layered around the tangible, effable core as around a bare skeleton, and by means of that appreciation to anticipate his mental personality."

Musil, Robert: The Confusions of Young Törless

ഒരു യോജന താണ്ടുകയെന്നാൽ ആനമുടയിലെത്തലാണെങ്കിൽ അതിനുമപ്പുറത്തെ ഒരംഗുലം താണ്ടുകയെന്നത് ഹിമാലയത്തിലേക്കുള്ള കയറ്റമാണ് - ഈ ഹ്രസ്വദൂരം കടക്കുന്നതെങ്ങനെയെന്നതാണ് മ്യൂസിൽ കാണിക്കുന്നത്. 'അയാളുടെ മൗനത്തിന്റെ സ്വരവിശേഷം' - ഒരു പക്ഷെ അളന്നുമുറിച്ച, അല്ലെങ്കിൽ, കടഞ്ഞെടുത്ത രൂപകങ്ങൾ എന്നത് ജ്ഞാനശാസ്ത്രം,അറിവ് / ജീവിതം, കല തുടങ്ങിയ നവോത്ഥാനപഥത്തിൽനിന്നുരുവമെടുക്കുന്ന അനിവാര്യമായ ദ്വന്ദങ്ങളെ സങ്കലിപ്പിക്കുവാനുദ്ദേശിച്ചുള്ള രീതിശാസ്ത്രത്തിൽ അനുപേക്ഷണീയമാണെന്ന് പറയാവുന്നതാണ്.